പൊതുഇടങ്ങളിൽ വളർത്തുമൃഗങ്ങളുമായി സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. ഇത്തരം നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം മസ്കറ്റ് മുനിസിപ്പാലിറ്റിയിൽ വളർത്തുമൃഗങ്ങളെ പൊതു ഇടങ്ങളിൽ കൊണ്ടുവരുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:
- വളർത്തുമൃഗങ്ങളുമായി പൊതുഇടങ്ങളിലെത്തുന്നവർ അവയുടെ വിസർജ്ജ്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ പൊതുഇടങ്ങളിൽ നിന്ന് കൃത്യമായി നീക്കം ചെയ്യേണ്ടതാണ്. പൊതു ഇടങ്ങളിൽ ഇവ നിക്ഷേപിക്കുന്നത് ലംഘനമായി കണക്കാക്കുന്നതാണ്.
- പൂച്ച, നായ മുതലായ ഇത്തരം വളർത്തുമൃഗങ്ങളെ കഴുത്തിൽ ധരിക്കുന്ന പ്രത്യേക പട്ടയോട് (കോളർ) കൂടി മാത്രമേ പൊതു ഇടങ്ങളിൽ കൊണ്ടുവരാവു.
- ഇത്തരം വളർത്തുമൃഗങ്ങൾക്ക് മിനിസ്ട്രി ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ് ആൻഡ് വാട്ടർ റിസോർസസിന് കീഴിലെ മൃഗഡോക്‌ടര്‍ നൽകുന്ന ലൈസൻസ് നിർബന്ധമാണ്.
പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ, തെരുവുകൾ, ഇടവഴികൾ, പൊതു പാർക്കുകൾ, ബീച്ചുകൾ, കെട്ടിടങ്ങളിലെ പൊതുഇടങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ നിബന്ധനകൾ ബാധകമാണ്.