ഒമാൻ: ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

GCC News

പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ മസ്‌കറ്റ് മുനിസിപ്പാലിറ്റി നടപടികൾ ആരംഭിച്ചു. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് മസ്‌കറ്റ് മുനിസിപ്പാലിറ്റി നിരോധിച്ചിരുന്നു.

ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ, സാമൂഹിക, സാമ്പത്തിക കാരണങ്ങൾ എന്നിവ മൂലമാണ് പൊതു ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മൂഷികവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികൾ, പ്രാണികൾ, കൊതുക് മുതലായവ പെരുകുന്നതിനുള്ള ഇടങ്ങളായി മാറുമെന്നും, ഇത് പകർച്ചവ്യാധികൾക്കിടയാക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നശിക്കുമ്പോൾ ഉണ്ടാകുന്ന ഓയിൽ ചോർച്ച, ഇന്ധന ചോർച്ച എന്നിവ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നഗരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇത് ചുറ്റുപാടുമുള്ള ഇടങ്ങളുടെ റിയൽ എസ്റ്റേറ്റ് മൂല്യം കുറയുന്നതിന് ഇടയാക്കുന്നതായും, ഇത്തരം ഇടങ്ങൾ ശുചിയാക്കുന്നത് മുനിസിപ്പാലിറ്റിക്ക് അധികബാധ്യതകൾ വരുത്തുന്നതായും അധികൃതർ ചൂണ്ടികാട്ടിയിട്ടുണ്ട്.

Cover Image: @M_Municipality.