ഒമാൻ: ഭക്ഷ്യ സുരക്ഷാ ബോധവത്‌കരണ നടപടികളുമായി മസ്കറ്റ് മുനിസിപ്പാലിറ്റി

GCC News

പൊതുജനങ്ങൾക്കിടയിൽ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2025 സെപ്റ്റംബർ 1-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ഭക്ഷ്യവസ്തുക്കളുടെ കാലാവധി പരിശോധിക്കുക, നിങ്ങളുടെ സൗഖ്യം ഉറപ്പ് വരുത്തുക” എന്ന ആശയത്തിന് കീഴിലാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്. ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനും ഉപഭോക്താക്കൾ ജാഗ്രത പുലർത്തേണ്ടത് ഏറെ പ്രധാനമാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് മുനിസിപ്പാലിറ്റി നൽകിയിരിക്കുന്നത്:

  • സാധനങ്ങൾ വാങ്ങുന്ന അവസരത്തിൽ അവയുടെ കാലഹരണ തീയതി പരിശോധിച്ച് ഉറപ്പ് വരുത്തുക.
  • ഭക്ഷണവസ്തുക്കളുടെ പാക്കേജുകളിൽ നൽകിയിട്ടുള്ള ലേബലുകൾ ശ്രദ്ധയോടെ പരിശോധിക്കുക.
  • അത്യാവശ്യമല്ലാത്ത അവസരങ്ങളിൽ കാലാവധി അവസാനിക്കാറായ ഭക്ഷണ വസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കുക.
  • ഭക്ഷണ വസ്തുക്കൾ അവയ്ക്ക് അനുയോജ്യമായ താപനിലയിൽ സൂക്ഷിക്കേണ്ടതാണ്.
  • ശീതികരിച്ച ഭക്ഷണവസ്തുക്കൾ, ക്യാനുകളിൽ വരുന്ന ഭക്ഷണവസ്തുക്കൾ, പഴം, പച്ചക്കറി മുതലായവയെല്ലാം വെവ്വേറെ സൂക്ഷിക്കേണ്ടതാണ്.