ജനുവരി 27 മുതൽ മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി

Oman

മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ സാധാരണ ഉപഭോക്താക്കൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയക്രമത്തിൽ 2021 ജനുവരി 27, ബുധനാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. ജനുവരി 25-ന് രാത്രിയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പുതിയ തീരുമാന പ്രകാരം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ (ജനുവരി 27 മുതൽ) സാധാരണ ഉപഭോക്താക്കൾക്ക് സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് ഗേറ്റ് രണ്ടിലൂടെയുള്ള പ്രവേശനം തുടരുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചു. മാർക്കറ്റിനു പുറത്തും, അകത്തും പാർക്കിംഗ് സംവിധാനങ്ങൾ ലഭ്യമാണ്. ഉച്ചയ്ക്ക് 1:00 മണി മുതൽ വൈകീട്ട് 6.00 വരെയാണ് നേരത്തെ ഉപഭോക്താക്കൾക്ക് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ജനുവരി 5 മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തിരുന്നു. സുരക്ഷയുടെ ഭാഗമായി, സാധാരണ ഉപഭോക്താക്കൾക്കും, മൊത്ത കച്ചവടത്തിനുമായി വ്യത്യസ്‌തമായ സമയക്രമങ്ങളാണ് മുൻസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. മൊത്ത കച്ചവടക്കാർക്ക് രാവിലെ 5:00 മണി മുതൽ ഉച്ചയ്ക്ക് 2.00 വരെ കച്ചവടം ചെയ്യാവുന്നതാണ്. ഇവരുടെ വാഹനങ്ങൾ ഗേറ്റ് ഒന്നിലൂടെ പ്രവേശിക്കേണ്ടതാണ്.

മാർക്കറ്റിലെത്തുന്നവർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം മുതലായ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ ജനങ്ങളോട് മുൻസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. കുട്ടികൾക്ക് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.