ഒമാൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി 2022 നവംബർ 15 മുതൽ അൽ അമീറത് പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 നവംബർ 11-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
2022 നവംബർ 15 മുതൽ 17 വരെയാണ് പാർക്ക് അടച്ചിടുന്നത്. രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഒരുക്കുന്നതിനായാണ് പാർക്ക് അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ദേശീയ ദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് 2022 നവംബർ 8-ന് അറിയിച്ചിരുന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിലെ അൽ നാസർ സ്‌ക്വയറിൽ നടക്കുന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകുന്നതാണ്.
ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് ഒരു പ്രത്യേക അറിയിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.