ബൗഷറിലെ പാർപ്പിട, വാണിജ്യ മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വാഹനങ്ങൾ നീക്കം ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 17-ന് വൈകീട്ടാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
മസ്കറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റോഡുകളിലും, പൊതുഇടങ്ങളിലും ഉപേക്ഷിച്ചിട്ടുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വാഹനങ്ങൾ ഇത്തരത്തിൽ പൊതുഇടങ്ങളിൽ ഉപേക്ഷിക്കരുതെന്നും, പഴയവാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും വാഹനഉടമകളോട് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ അശ്രദ്ധാപൂർവം ഉപേക്ഷിക്കുന്നത് നിയമങ്ങളുടെയും, ചട്ടങ്ങളുടെയും ലംഘനമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നതായി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. റോഡുകളിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്കും, കാൽനടക്കാർക്കും സുരക്ഷാ ഭീഷണിയാണെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.