ഒമാൻ: പൊതുഇടങ്ങളിൽ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് ഒഴിവാക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

Oman

പൊതുഇടങ്ങളിലുള്ള പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് ഒഴിവാക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. 2024 മെയ് 8-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തികൾ പരിസരങ്ങളെയും, പൊതുആരോഗ്യത്തെയും ദൂഷ്യമായി ബാധിക്കുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ഇത്തരം പ്രവർത്തികൾ മൂലമുണ്ടാകുന്ന മാലിന്യം നീക്കം ചെയ്യുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾക്കും, ഇത് മൂലമുണ്ടാകുന്ന കീടനിയന്ത്രണ പ്രവർത്തനങ്ങൾക്കും വേണ്ടിവരുന്ന ഭരിച്ച തുക മുനിസിപ്പാലിറ്റിക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും അധികൃതർ കൂട്ടിച്ചേർത്തു.

പൊതുഇടങ്ങളിൽ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് മൂലം അത്തരം ഇടങ്ങളിലെ പരിസരങ്ങളിൽ താഴെ പറയുന്ന ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നതായി മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്:

  • ഇത് കീടങ്ങൾ, കൃമികൾ, മറ്റു പരോപജീവികൾ എന്നിവ പെരുകുന്നതിന് ഇടയാക്കും.
  • സൂര്യപ്രകാശം, ഈർപ്പം എന്നിവ മൂലം ഇത്തരം ഭക്ഷ്യവസ്തുക്കൾ പൊതുഇടങ്ങളിൽ ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകും.
  • പക്ഷി കാഷ്ഠങ്ങളിൽ വിവിധ തരത്തിലുള്ള വൈറസ്, ബാക്ടീരിയ മുതലായവ ഉണ്ടാകാമെന്നും, ഇത് പകർച്ചവ്യാധികളിലേക്ക് നയിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
  • ഇത്തരം പ്രവർത്തികൾ പൊതു ഇടങ്ങളിലെ കെട്ടിടങ്ങൾ, നടപ്പാതകൾ, തെരുവുകൾ എന്നിവ മലിനമാക്കുകയും, അവയുടെ ഭംഗി നശിപ്പിക്കുകയും ചെയ്യും.
  • ഇവ വെന്റിലേഷൻ, കൂളിംഗ് സംവിധാനങ്ങളുടെ നാശത്തിന് ഇടയാക്കും.
  • ശുചീകരണ പ്രവർത്തങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ചെലവ് ഉയരുന്നതിന് കാരണമാകും.