ഒമാൻ: മസ്കറ്റ് നൈറ്റ്സ് നാല് ഇടങ്ങളിലായി സംഘടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി

GCC News

2023 ജനുവരി 19 മുതൽ ആരംഭിക്കാനിരിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ നാല് പ്രധാന ഇടങ്ങളിലായാണ് സംഘടിപ്പിക്കുന്നതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മസ്കറ്റ് നൈറ്റ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനായി 2023 ജനുവരി 15-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ മസ്കറ്റ് മേയർ H.E. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ ഹമീദിയാണ് ഇക്കാര്യം അറിയിച്ചത്. ‘മസ്കറ്റ് നൈറ്റ്സ്’ പരിപാടിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒരുക്കുന്നതിനായി വളരെ ശ്രദ്ധാപൂർവ്വമാണ് ഈ ഇടങ്ങൾ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിൽ വെച്ചാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്. 2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടക്കുന്നത്.

‘മസ്കറ്റ് നൈറ്റ്സ്’ പരിപാടികളിലേക്ക് ഏറ്റവും കൂടുതൽ കാണികളെ പങ്കെടുപ്പിക്കുന്നതിനായി ഓരോ വേദികൾക്കും സ്വതന്ത്രമായി പരിപാടികളുടെ സമയപ്പട്ടിക തയ്യാറാക്കുന്നതിനും, പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. മസ്കറ്റ് നൈറ്റ്സിന്റെ ഭാഗമായി വിനോദപരിപാടികൾക്ക് പുറമെ, പ്രാദേശിക വാണിജ്യ പ്രവർത്തനങ്ങളെയും, വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടികൾ ഉൾപ്പെടുത്തുമെന്ന് അൽ ഹമീദി അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ കൈമാറലുകൾക്കും ‘മസ്കറ്റ് നൈറ്റ്സ്’ വേദിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Oman News Agency.