ഒമാൻ: മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25 മുതൽ തുറന്ന് പ്രവർത്തിക്കും

Oman

മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25, വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് മാർക്കറ്റ് പ്രവർത്തിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, 3 മാസത്തോളമായി മത്രയിലെ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

മാർക്കറ്റിലെ വ്യാപാരികളും, ഉപഭോക്താക്കളും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾ തമ്മിൽ 1.5 മീറ്റർ എങ്കിലും അകലം ഉറപ്പാക്കി വേണം മാർക്കറ്റിൽ പ്രവേശിക്കാൻ എന്ന് വ്യക്തമാക്കിയ അധികൃതർ, മാസ്കുകൾ എല്ലാവർക്കും നിർബന്ധമാണെന്നും അറിയിച്ചു.

37.5 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല. മാർക്കറ്റിന്റെ പരമാവധി ശേഷിയുടെ 30% ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഒരേ സമയം പ്രവേശനം അനുവദിക്കുക എന്നും മുൻസിപ്പൽ അധികൃതർ കൂട്ടിച്ചേർത്തു.