ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ജൂലൈ 16 മുതൽ ബസ്, ഫെറി സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം

Oman

ഒമാനിൽ ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ബസ്, ഫെറി സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു. സർവീസുകളുടെ സമയക്രമങ്ങളിലെ മാറ്റങ്ങൾ ജൂലൈ 16 മുതൽ ജൂലൈ 31 വരെ നീണ്ട് നിൽക്കുമെന്നും ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് വ്യക്തമാക്കി.

https://twitter.com/mwasalat_om/status/1415558864473370624

ഈ തീരുമാനപ്രകാരം, ജൂലൈ 16 മുതൽ, രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, വിവിധ പൊതുഗതാഗത ബസ്, ഫെറി സർവീസുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കിയിട്ടുണ്ടെന്ന് മുവാസലാത്ത് അറിയിച്ചു. ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ (ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ) ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ ഒമാൻ വിലക്കിയിട്ടുണ്ട്.

ജൂലൈ 16 മുതൽ മുവാസലാത്ത് ബസ് സർവീസുകളുടെ പ്രവർത്തന സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ:

  • എല്ലാ സിറ്റി ബസ് സർവീസുകളും വൈകീട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്.
  • മസ്കറ്റിൽ നിന്ന് സലാലയിലേക്കുള്ള റൂട്ട് 100-ലെ സർവീസുകൾ സാധാരണ സമയക്രമത്തിൽ തുടരും. യാത്രികർ ഒരു ഡോസ് COVID-19 വാക്സിനെടുത്തതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്.
  • എല്ലാ ഇന്റർസിറ്റി ബസ് സർവീസുകളും വൈകീട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന യാത്രാ നിയന്ത്രണങ്ങൾക്ക് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന രീതിയിൽ പുനക്രമീകരിക്കും.
  • ജൂലൈ 18 മുതൽ ജൂലൈ 23 വരെ ഇന്റർസിറ്റി സർവീസുകൾ ഒരു ദിശയിലേക്ക് മാത്രം സർവീസ് നടത്തുന്ന രീതിയിലായിരിക്കും. ജൂലൈ 24 മുതൽ രണ്ട് ദിശകളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കുന്നതാണ്.
  • ജൂലൈ 20 മുതൽ ജൂലൈ 22 വരെ മുഴുവൻ ബസ് സർവീസുകളും നിർത്തിവെക്കുന്നതാണ്. ഈദുൽ അദ്ഹയിലെ ആദ്യ മൂന്ന് ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ കണക്കിലെടുത്താണ് ഈ നിയന്ത്രണം. ജൂലൈ 23 മുതൽ ബസ് സർവീസുകൾ പുനരാരംഭിക്കുന്നതാണ്.

ബസ് സർവീസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 24121500, 24121555 എന്നീ കാൾ സെന്റർ നമ്പറുകളിൽ നിന്ന് ലഭിക്കുന്നതാണ്.

ജൂലൈ 16 മുതൽ ഫെറി സർവീസുകളുടെ പ്രവർത്തന സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ:

  • ഷിനാസ് – മുസന്ദം സർവീസ് സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്. യാത്രികർ ഒരു ഡോസ് COVID-19 വാക്സിനെടുത്തതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്.
  • ഷന്ന-മസീറ ഫെറി സേവനങ്ങൾ വൈകീട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന യാത്രാ നിയന്ത്രണങ്ങൾക്ക് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന രീതിയിൽ പുനക്രമീകരിക്കും.
  • ജൂലൈ 20 മുതൽ ജൂലൈ 22 വരെ മുഴുവൻ ഫെറി സർവീസുകളും നിർത്തിവെക്കുന്നതാണ്. ഈദുൽ അദ്ഹയിലെ ആദ്യ മൂന്ന് ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ കണക്കിലെടുത്താണ് ഈ നിയന്ത്രണം. ജൂലൈ 23 മുതൽ ഫെറി സർവീസുകൾ പുനരാരംഭിക്കുന്നതാണ്.

ഫെറി സർവീസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 80072000 എന്ന കാൾ സെന്റർ നമ്പറിൽ നിന്ന് ലഭിക്കുന്നതാണ്.

ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ ഏർപ്പെടുത്തുന്ന പുതുക്കിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒമാനിൽ ഇന്ന് (2021 ജൂലൈ 16, വെള്ളിയാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.