ഒമാൻ: ഓഗസ്റ്റ് 21 മുതൽ ബസ്, ഫെറി സേവനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് പുനരാരംഭിക്കുമെന്ന് മുവാസലാത്ത്

GCC News

ഒമാനിലെ പൊതുഗതാഗത ബസ്, ഫെറി സേവനങ്ങൾ 2021 ഓഗസ്റ്റ് 21, ശനിയാഴ്ച്ച മുതൽ സാധാരണ പ്രവർത്തിസമയങ്ങൾ പാലിക്കുന്ന രീതിയിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ഓഗസ്റ്റ് 21 മുതൽ ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിലാണ് പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20-നാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്. “സുപ്രീം കമ്മിറ്റിയുടെ ഏറ്റവും പുതിയ തീരുമാനങ്ങൾ പ്രകാരം, ഓഗസ്റ്റ് 21, ശനിയാഴ്ച്ച മുതൽ ഞങ്ങളുടെ ബസ്, ഫെറി സർവീസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതാണ്.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 2021 ജൂൺ 20 മുതൽ വിവിധ പൊതുഗതാഗത ബസ് സർവീസുകളുടെ പ്രവർത്തന സമയം മുവാസലാത്ത് വെട്ടിച്ചുരുക്കിയിരുന്നു.

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ 2021 ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകീട്ട് മുതൽ ഒഴിവാക്കാൻ ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു.