യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ നടത്തം തത്സമയം കാണാം

UAE

എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുമെന്ന് നാസ അറിയിച്ചു. https://www.nasa.gov/nasalive എന്ന വിലാസത്തിൽ ഈ ദൃശ്യങ്ങൾ തത്സമയം കാണാവുന്നതാണ്.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാസയിലെ ബഹിരാകാശസഞ്ചാരിയായ സ്റ്റീഫൻ ബൊവെനൊപ്പമാണ് ഏപ്രിൽ 28-ന് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സുൽത്താൻ അൽ നെയാദി സ്പേസ് വാക് നടത്തുന്നത്.

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ വൈദ്യുതിശേഷി ഉയർത്തുന്നതിനായുള്ള പുതിയ സോളാർ പാനലുകൾ ഘടിപ്പിക്കുന്നതിന്റെ നടപടികളുമായി ബന്ധപ്പെട്ടാണ് ഇരുവരും അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നതെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 28-ന് രാവിലെ 9:15-നാണ് (യു എ ഇ സമയം വൈകീട്ട് 5:45) ഇരുവരും അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നത്.

തുടർന്ന് ഇരുവരും ഏതാണ്ട് 6.5 മണിക്കൂറോളം സമയം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കുന്നതാണ്. ഇതിന്റെ തത്സമയ സംപ്രേക്ഷണം 2023 ഏപ്രിൽ 28-ന് യു എ ഇ സമയം വൈകീട്ട് 3.45 മുതൽ ലഭ്യമാക്കുന്നതാണ്. നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ, നാസ ടിവി, നാസ ആപ്പ് എന്നിവയിലും ഈ ദൃശ്യങ്ങൾ ലഭ്യമാക്കുന്നതാണ്.

ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരി എന്ന നേട്ടം സുൽത്താൻ അൽ നെയാദി കൈവരിക്കുന്നതാണ്.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള അൽ നെയാദി അടക്കമുള്ള ദൗത്യസംഘം 2023 മാർച്ച് 3-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നത്. ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്.

Cover Image: NASA.