ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യയിൽ നിന്നുള്ള കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു. 2022 മെയ് 21-നാണ് നാഷണൽ മ്യൂസിയം ഇക്കാര്യം അറിയിച്ചത്.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ അസിസ്റ്റന്റ് പ്രസിഡന്റും, നാഷണൽ മ്യൂസിയം ബോർഡ് ഓട് ട്രസ്റ്റീസിലെ ഡെപ്യൂട്ടിയുമായ H.H. സയ്യിദ മോന ബിൻത് ഫഹദ് അൽ സൈദിന്റെ രക്ഷാകര്ത്തൃത്വത്തിലാണ് ‘ലോൺഡ് ആർട്ടിഫാക്റ്റസ് ഫ്രം ഇന്ത്യ ‘ എന്ന ഈ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്.
ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗ് ഈ പ്രത്യേക പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാനിലെ സാംസ്കാരിക വകുപ്പിലെയും, മ്യൂസിയം രംഗത്തെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിൽ നിന്നുള്ള ചരിത്രപ്രാധാന്യമുള്ള രണ്ട് വസ്തുക്കളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാൻ, സാൻസിബാർ എന്നിവയുടെ ചരിത്രം അവലോകനം ചെയ്യുന്ന ‘താരീഖ് ഇ കേസരി’ എന്ന പുസ്തകം, മസ്കറ്റിലെ അൽ മിറാനി ഫോർട്ടിന്റെ ദൃശ്യം ഉൾപ്പെടുത്തിയിട്ടുള്ള പതിനേഴാം നൂറ്റാണ്ടിലെ ഒരു ഓയിൽ പെയിന്റിംഗ് എന്നിവയാണ് ഇവ. 2022 ജനുവരി 26 മുതൽ ഈ വസ്തുക്കൾ ഒമാൻ നാഷണൽ മ്യൂസിയത്തിൽ പ്രദർശനത്തിലുണ്ട്.

“ഇന്ത്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ തങ്ങളുടെ സംസ്കാരം, പാരമ്പര്യം എന്നിവയിൽ അഭിമാനികളായി തുടരുന്നതിനൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യ സ്വാധീനങ്ങളെ ഉൾക്കൊള്ളുന്നതിന് എന്നും തയ്യാറായിരുന്നു. ഇത് ഇരുരാജ്യങ്ങളുടെയും തനതായ സാംസ്കാരിക തനിമ കൂടുതൽ ഉജ്ജ്വലമാക്കുന്നതിനും, സാമൂഹിക ഐക്യം പിൻതുടരുന്നതിനും, സമാധാനപരമായ സഹവർത്തിത്വം നിലനിർത്തുന്നതിനും സഹായകമായി. ഈ രണ്ട് കലാസൃഷ്ടികളിലൂടെ നമ്മൾ ഇരുരാജ്യങ്ങളും പങ്ക് വെക്കുന്ന ഈ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നു. “, ഈ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അംബാസഡർ ശ്രീ. അമിത് നാരംഗ് അറിയിച്ചു.

“ഇന്ത്യയും, ഒമാനും ആയിരക്കണക്കിന് വർഷത്തെ ചരിത്രം പങ്കിടുന്നു എന്നത് മാത്രമല്ല ഇതിലൂടെ വ്യക്തമാകുന്നത്. മറിച്ച് ഇരു രാജ്യങ്ങളും ആയിരക്കണക്കിന് വർഷത്തെ സൗഹൃദം പങ്കിടുന്നു എന്ന് ഇത് എടുത്ത് കാട്ടുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് അക്ബർ അലി ഖാൻ എഴുതിയ ‘താരീഖ് ഇ കേസരി’ 1877-ലാണ് പ്രസിദ്ധീകരിച്ചത്. കല്ലച്ച് ഉപയോഗിച്ച് മുദ്രണം ചെയ്തിട്ടുള്ള ‘താരീഖ് ഇ കേസരി’ ന്യൂ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ നിന്നാണ് ഒമാനിലെ ഈ പ്രദർശനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അൽ മിറാനി ഫോർട്ട് ഓയിൽ പെയിന്റിംഗ് ന്യൂ ഡൽഹിയിലെ നാഷണൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നുള്ളതാണ്.
Images: Oman News Agency & Oman National Museum.