അബുദാബി നഗരത്തിലെ COVID-19 രോഗബാധ 1% താഴെ എത്തിയതായി അധികൃതർ

GCC News

നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, എമിറേറ്റിൽ നടപ്പിലാക്കുന്ന കൊറോണ വൈറസ് പരിശോധനകൾ അബുദാബി നഗരത്തിൽ ഏറെ ഫലപ്രദമായതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു. ഈ പരിശോധനകൾ, നഗരത്തിലെ രോഗബാധിതരെ കണ്ടെത്തുന്നതിലും, രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് തടയുന്നതിലും ഏറെ പ്രയോജനകരമായെന്നും കമ്മിറ്റി ജൂൺ 21, ഞായറാഴ്ച വ്യക്തമാക്കി. നിലവിൽ അബുദാബി നഗരത്തിൽ, ആകെ പരിശോധിക്കുന്നവരിൽ 1 ശതമാനത്തിൽ താഴെ പേരിൽ മാത്രമേ രോഗം സ്ഥിരീകരിക്കുന്നുള്ളൂ എന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

അബുദാബി നഗരത്തിൽ കൈവരിക്കാനായ ഈ നേട്ടം അൽ ഐൻ, അൽ ദഫ്‌റ മേഖലകളിലും ലക്ഷ്യമിടുന്നതായി കമ്മിറ്റി വ്യക്തമാക്കി. ഇതിനായി ഈ മേഖലകളിൽ, വരുന്ന രണ്ടാഴ്ചകളിൽ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തുമായി ചേർന്ന് തീവ്രമായ COVID-19 പരിശോധനകൾ തുടരുന്നതാണെന്നും കമ്മിറ്റി അറിയിച്ചു.

അൽ ഐൻ, അൽ ദഫ്‌റ മേഖലകളിൽ പരമാവധി പേരെ പരിശോധിക്കാനും, ആവശ്യമായ ഏറ്റവും ഉയർന്ന പ്രതിരോധ നടപടികൾ കൈക്കൊള്ളാനും ആവശ്യമായ നടപടികൾ കമ്മിറ്റി ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളിലെ ജനങ്ങളോട് അധികൃതരുമായി സഹകരിക്കാനും, ജാഗ്രത പുലർത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.

അബുദാബിയിലുടനീളം, റെസിഡൻഷ്യൽ മേഖലകൾ ഉൾപ്പടെ വിവിധ ഇടങ്ങളിൽ, നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി, തീവ്രമായ COVID-19 പരിശോധനകൾ കഴിഞ്ഞ ഏതാനം ആഴ്ചകളായി നടപ്പിലാക്കിവരികയാണ്. ഈ പരിശോധനകൾ നടപ്പിലാക്കുന്ന കാലയളവിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലെ പൊതുജനങ്ങൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായി ജൂൺ 2 മുതൽ അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് അകത്തേക്കുമുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.