ഒമാൻ: സ്‌കൂളുകൾ, പള്ളികൾ എന്നിവ തുറക്കുന്നത് തീരുമാനിക്കാൻ ദേശീയ സർവേ സഹായകമാകും

Oman

ഒമാനിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ പരിശോധനാ സർവേ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകൾ, ആരാധനാലയങ്ങൾ മുതലായ വിവിധ മേഖലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വിശദമായ വിവരങ്ങൾ ഈ സർവേയിൽ നിന്നും ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. സൈഫ് അൽ അബ്‌രി, ഒമാൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

വിവിധ പ്രായത്തിലുള്ളവരുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളുന്നതിനും, ജൂലൈ 12 മുതൽ പത്ത് ആഴ്ച്ച നീണ്ടുനിൽക്കുന്ന ഈ COVID-19 സർവേ സഹായകമാകും. പ്രായമായവർ, കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ട വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും, തീരുമാനങ്ങൾ എടുക്കുന്നതിനും, ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ നടത്തുന്ന ജനസംഖ്യാപരമായ വിവര ശേഖരണം കൊണ്ടും, രോഗബാധ കണ്ടെത്തുന്നതിനുള്ള രക്തസാമ്പിളുകളുടെ ശേഖരണം കൊണ്ടും സാധ്യമാകുമെന്നും അൽ അബ്‌രി അറിയിച്ചു.

ഈ സർവേയിലൂടെ, രാജ്യത്തെ വിവിധ പ്രായ വിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ കൈക്കൊള്ളേണ്ട സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനു ഈ ഫലങ്ങൾ സഹായകമാകുമെന്ന് പറഞ്ഞ അൽ അബ്‌രി, അടുത്ത ആറുമാസത്തിനിടയിൽ കൊറോണ വൈറസിനുള്ള വാക്സിൻ ലഭ്യമാകുകയാണെങ്കിൽ അവ രാജ്യത്ത് നൽകുന്നതിനുള്ള മുൻഗണനാക്രമം കണ്ടെത്തുന്നതിനും ഈ പഠനത്തിലൂടെ സാധ്യമാകുമെന്ന് കൂട്ടിച്ചേർത്തു.

5 ദിവസം വീതം നീണ്ടു നിൽക്കുന്ന ഓരോ ഘട്ടങ്ങളിലും, 4000-ത്തിൽ പരം സാമ്പിളുകളാണ് പരിശോധനകൾക്കായി ശേഖരിക്കുന്നത്. ഓരോ ഘട്ടത്തിനും ശേഷം രണ്ടാഴ്ച്ച ഇടവേളയിട്ടാണ് സർവേ നടപ്പിലാക്കുക. ഓരോ ഗവർണറേറ്റിലും 300 മുതൽ 400 പേരുടെ വരെ സാമ്പിളുകൾ ശേഖരിക്കും. മസ്‌കറ്റ് ഗവർണറേറ്റിൽ നിന്ന് ഇരട്ടിയോളം സാമ്പിളുകൾ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ 10 ആഴ്ച്ചകളിലായി എല്ലാ ഗവർണറേറ്റുകളിൽ നിന്നും 20000-ത്തോളം പേരുടെ ഇടയിലാണ് സർവേ നടപ്പിലാക്കുന്നത്. ഈ സർവേക്ക് ശേഷം ഒരു വർഷത്തിനിടയിൽ ആവശ്യമാണെങ്കിൽ, മറ്റൊരു സർവേ കൂടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.