അബുദാബി: സ്റ്റേ ഹോം കാലയളവിൽ എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തി

UAE

കൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ നിലവിലിരുന്ന സ്റ്റേ ഹോം കാലയളവിൽ, എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും, പ്രകൃതി സംരക്ഷണത്തിനും നാം കൊടുക്കേണ്ട പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നതായും EAD വ്യക്തമാക്കി. ലോക്ക്ഡൌൺ കാലയളവിൽ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് EAD ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

നിയന്ത്രണങ്ങളുടെ ഭാഗമായി മനുഷ്യർ, ഏതാനം ദിനങ്ങൾ പ്രകൃതിയിലെ ഇടപെടലുകളിൽ നിന്ന് മാറിനിന്നപ്പോൾ, നമ്മുക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ സംഭവിച്ച മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. വളരെ വിരളമായി മാത്രം കാണാറുള്ള നിരവധി പക്ഷിവർഗ്ഗങ്ങളാണ് ഈ കാലയളവിൽ മടങ്ങിയെത്തിയത്. പുതിയ മേഖലകളിൽ പോലും ഫ്ളമിംഗോ പക്ഷികളുടെ സാന്നിധ്യം പ്രകടമായത് പ്രകൃതിസ്നേഹികളെ ആഹ്ളാദിപ്പിക്കുന്ന കാര്യമാണ്.

https://twitter.com/admediaoffice/status/1279060989078634496

EAD-യുടെ ദൂരവ്യാപകമായ പ്രവർത്തങ്ങളുടെ ഫലമായി കടല്‍പ്പശുക്കളുടെ ഇടയിലുള്ള മരണനിരക്ക് പകുതിയാക്കാൻ സാധിച്ചതും, ഫ്ളമിംഗോ പക്ഷികളുടെ ഇടയിലെ പ്രജനനവർദ്ധനവും, അബുദാബിയിലെ തീരദേശമേഖലയിൽ വിവിധ തരം കടലാമകളുടെ എണ്ണത്തിൽ വന്നിട്ടുള്ള വർദ്ധനവും തീർത്തും ശുഭസൂചകമാണ്. മനുഷ്യൻറെ ഇടപെടലുകളിൽ ഈ കാലയളവിൽ രേഖപ്പെടുത്തിയ വലിയ കുറവ് പ്രകൃതിയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുള്ള നിരീക്ഷണഫലങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് EAD വ്യക്തമാക്കി.

ജനവാസ മേഖലകളിൽ പോലും വന്യജീവികളുടെ സാന്നിധ്യം ഈ കാലയളവിൽ പ്രകടമായിരുന്നു. സാദിയാത്ത് ഐലൻഡിലെ ഗോൾഫ് മൈതാനത്ത് മലമ്പ്രദേശങ്ങളിൽ കാണുന്ന തരം ഗസെൽ മാനുകൾ കൂട്ടമായി എത്തുകയുണ്ടായി. ശബ്ദ മലിനീകരണത്തിന്റെ തോത് കുറഞ്ഞതും, മനുഷ്യരുടെ സഞ്ചാരത്തിലുള്ള കുറവും ഇതിനു കാരണമായതായി EAD അറിയിച്ചു. ആളുകൾ വീടുകളിൽ തുടർന്നതോടെ, ജനവാസ മേഖലകളിലെ പക്ഷിവർഗ്ഗങ്ങളിലും വർദ്ധനവ് അനുഭവപ്പെട്ടതായി EAD നിരീക്ഷിച്ചു.

“സ്റ്റേ ഹോം കാലയളവിൽ രേഖപ്പെടുത്തിയ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തിലെ വർദ്ധനവ്, അബുദാബിയിലെ നൈട്രജൻ ഓക്സൈഡിന്റെ അളവിൽ വന്ന കുറവിനെ സൂചിപ്പിക്കുന്നു. എമിറേറ്റിലുടനീളം പ്രകടമായ പ്രകൃതിയിലെ അഭിവൃദ്ധി, അന്തരീക്ഷമലിനീകരണ തോതിലെ വലിയ കുറവിനെ സാധൂകരിക്കുന്നതാണ്.”, EAD സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലെം അൽ ദഹേരി അഭിപ്രായപ്പെട്ടു.

സാധാരണയായി മലമ്പ്രദേശങ്ങളുടെ ഉയർന്ന മേഖലകളിൽ മാത്രം കണ്ടുവരാറുള്ള അറേബ്യൻ താർ മാനിനെ, ജബൽ ഹഫീത് മലനിരയുടെ താഴ്വാരങ്ങളിൽ ആദ്യമായി കണ്ടതും ഈ കാലയളവിലാണ്. മലിനീകരണ തോതിലെ കുറവും, ഈ വർഷം ലഭിച്ച മികച്ച മഴയും സസ്യലോകത്തും അഭിവൃദ്ധിക്ക് കാരണമായിട്ടുണ്ടെന്നും EAD അറിയിച്ചു.