യു എ ഇ: പൊതുജനങ്ങളോട് COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ആഹ്വാനം ചെയ്തു

UAE

നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ യു എ ഇയിലെ പൊതുസമൂഹത്തോട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി, നാഷണൽ ഡിസിൻഫെക്ഷൻ പ്രോഗ്രാം പൂർത്തിയായതായും, ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ അവസാനിച്ചതായും നേരത്തെ NCEMA അറിയിച്ചിരുന്നു.

പൊതുജനങ്ങൾ സുരക്ഷയെ മുൻനിർത്തി ജാഗ്രത പുലർത്തണമെന്നും, സമൂഹ അകലം, മാസ്കുകൾ, കയ്യുറകൾ എന്നിവയുടെ ഉപയോഗം മുതലായ മുൻകരുതലുകൾ കർശനമായി തുടരണമെന്നും NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് കൂടാതെ, ജനങ്ങൾ വലിയ രീതിയിൽ കൂട്ടം കൂടുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്നും NCEMA ആവശ്യപ്പെട്ടു. സാമൂഹിക സന്ദർശനങ്ങൾ, കുടുംബങ്ങളിലെ സന്ദർശനങ്ങൾ മുതലായവയെല്ലാം നിയന്ത്രണങ്ങളോടെ ആയിരിക്കണം. രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ സുരക്ഷയിൽ ചെറിയ വിട്ടുവീഴ്ച്ച പോലും ഉണ്ടാകരുത്.

ഒരേ കുടുംബത്തിൽ നിന്നുള്ളവർ അല്ലാതെ സഞ്ചരിക്കുന്ന കാറുകളിൽ മൂന്ന് പേരിൽ കൂടുതൽ അനുവദിക്കില്ല എന്ന നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയ നിയമങ്ങളും, പിഴ ശിക്ഷകളും നിലനിൽക്കുന്നതാണെന്നും, ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും NCEMA വ്യക്തമാക്കി.