യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ആഹ്വാനം ചെയ്തു

UAE

COVID-19 വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യം യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിലും, കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിനുമായി COVID-19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കേണ്ടതാണെന്ന് NCEMA വ്യക്തമാക്കി.

ഇതോടൊപ്പം മാസ്കുകളുടെ ഉപയോഗം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ പ്രതിരോധ ശീലങ്ങൾ കൃത്യമായി തുടരാനും NCEMA ജനങ്ങളോട് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ രാജ്യത്തെ ഓരോ നിവാസിയുടെയും ചുമതലയാണെന്ന് NCEMA ഓർമ്മപ്പെടുത്തി.

COVID-19 രോഗബാധ, ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം ഉൾപ്പടെ, ഫലപ്രദമായി കണ്ടെത്തുന്നതിനായി PCR പരിശോധനകളുടെ വ്യാപ്തി കൂട്ടുമെന്നും NCEMA അറിയിച്ചു. ഈ രോഗത്തെ ചെറുക്കുന്നതിൽ ജനങ്ങളുടെ സഹകരണം വളരെ പ്രധാനമാണെന്ന് NCEMA ചൂണ്ടിക്കാട്ടി.

വിദേശത്തേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്നവർ, യാത്ര ചെയ്യുന്ന രാജ്യത്തെ COVID-19 സാഹചര്യങ്ങൾ, പ്രതിരോധ നിർദ്ദേശങ്ങൾ, പ്രവേശന നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും, അവ കർശനമായി പിന്തുടരാനും NCEMA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധയേൽക്കുന്നത് തടയുന്നതിനും, വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനും ഇത് വളരെ പ്രധാനമാണെന്ന് NCEMA വ്യക്തമാക്കി.