സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള ഒരു പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റുസ്താഖിൽ നടത്തിയ പുരാവസ്തുശാസ്ത്ര സംബന്ധിയായ ഉല്ഖനനപ്രവർത്തനങ്ങളിലാണ് ഈ പ്രാചീന ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്.
2022 ജനുവരി 25-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജാർ മലനിരകളുടെ പരിസരങ്ങളിൽ വാഡി അൽ ഗഷാബിന്റെ പടിഞ്ഞാറൻ കരയിലാണ് ഈ പ്രാചീന ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്.
വാഡി അൽ ഗഷാബ്, വാഡി അൽ സഹ്താനുമായി കൂടിച്ചേരുന്ന മേഖലയ്ക്കരികിലാണ് ഈ പ്രദേശം. പ്രാദേശിക ജനങ്ങൾക്കിടയിൽ അൽ ടെഖ എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
റുസ്താഖിലെ ഉല്ഖനനപ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെത്തിയ ഈ പ്രാചീന ജനവാസകേന്ദ്രം സാമാന്യം വലുതും, പരിഷ്കൃത ജനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് വളരെ വലിയ കെട്ടിടങ്ങളുടെയും, കല്ലറകളുടെയും അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.
ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന് കീഴിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജി വിഭാഗം, ഇറ്റാലിയൻ യൂണിവേഴ്സിറ്റി ഓഫ് പിസ എന്നിവർ ചേർന്നാണ് ഈ ഉല്ഖനനപ്രവർത്തനങ്ങൾ നടത്തുന്നത്. 2022 ജനുവരി തുടക്കത്തിലാണ് ഈ മേഖലയിൽ ഉല്ഖനനപ്രവർത്തനങ്ങൾ ആരംഭിച്ചത്.
പ്രാചീന വെങ്കലയുഗത്തിന്റെ (ബി സി മൂവായിരം കാലഘട്ടം) പ്രാരംഭഘട്ടം മുതൽ തന്നെ ഈ മേഖലയിൽ ജനങ്ങൾ അധിവസിച്ചിരുന്നതായി ഈ ഉല്ഖനനപ്രവർത്തനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒമാൻ ഉപദ്വീപുകളിൽ വളരെയധികം അഭിവൃദ്ധിയോടെ നിലനിന്നിരുന്ന ഉം അൻനാർ സംസ്കാരത്തിന്റെ ഭാഗമായുള്ള ജനങ്ങളുടെ താമസമേഖലകളിലൊന്നിന്റെ അവശേഷിപ്പുകളാണിതെന്നാണ് കരുതുന്നത്.
ഏതാണ്ട് 70 ഹെക്ടറിലധികം വിസ്തൃതിയിൽ പരന്ന് കിടക്കുന്ന രീതിയിലാണ് ഈ പ്രാചീന ജനവാസകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. ഒമാൻ ഉപദ്വീപുകളിൽ കണ്ടെത്തിയിട്ടുള്ള ഉം അൻനാർ സംസ്കാരത്തിന്റെ ഏറ്റവും വലിയ അവശേഷിപ്പുകളിലൊന്നാണിത്.
ജനങ്ങൾക്ക് താമസിക്കാനുതകുന്ന രീതിയിൽ പണിതീർത്തിട്ടുള്ള വിവിധ വലിപ്പത്തിലുള്ള നിരവധി കെട്ടിടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഈ പ്രാചീന ജനവാസകേന്ദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി വൃത്താകൃതിയിലുള്ള നിരവധി കല്ലറകളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പുറം ചുമരുകൾ നല്ലരീതിയിൽ വെട്ടിയെടുത്തിട്ടുള്ള വെളുത്ത ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ച് വളരെ വിശദമായ തരത്തിലാണ് പണിതീർത്തിരിക്കുന്നത്. ഇവയ്ക്ക് പുറമെ ഈ പ്രാചീന ജനവാസകേന്ദ്രത്തിന്റെ വിവിധ ഇടങ്ങളിൽ മൺകട്ടകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള, നാല്പത് മീറ്ററോളം വ്യാസമുള്ള, വൃത്താകൃതിയിലുള്ള വളരെ വലിയ ഗോപുരങ്ങൾ നിലനിന്നിരുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രാചീന വെങ്കലയുഗത്തിൽ ഈ മേഖലയ്ക്ക് ഉണ്ടായിരുന്ന സാംസ്കാരിക പ്രാധാന്യം ഇവിടെ കണ്ടെത്തിയ അവശേഷിപ്പുകൾ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ ഉടഞ്ഞ മണ്പാത്രങ്ങൾ, മറ്റു പുരാവസ്തുശാസ്ത്ര സംബന്ധിയായ കണ്ടെത്തലുകൾ എന്നിവ ഈ മേഖലയ്ക്ക് ഹാരപ്പൻ നാഗരികത, മെസോപ്പൊട്ടാമിയൻ നാഗരികത തുടങ്ങിയ സമീപപ്രദേശങ്ങളിലെ സംസ്കാരങ്ങളുമായി നിലനിന്നിരുന്ന അടുത്ത വാണിജ്യ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള ചെമ്പിൽ പണി തീർത്ത ചൂളകൾ മേഖലയിൽ നിലനിന്നിരിക്കാനിടയുള്ള ചെമ്പ് നിർമ്മാണം, സ്ഫുടം ചെയ്യുന്ന പ്രക്രിയ, വ്യാപാരം എന്നിവയെ സൂചിപ്പിക്കുന്നു.
Images: Oman News Agency.