ഒമാൻ: ദാഖിലിയയിൽ ഒരു പുതിയ ഗുഹ കണ്ടെത്തി

Oman

അൽ ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വ വിലായത്തിൽ ഒരു പുതിയ ഗുഹ കണ്ടെത്തിയതായി ഒമാനി കേവ് എക്സ്പ്ലൊറേഷൻ ടീം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖസ്‌ലത് സഫി സഹ്‌റ എന്ന പേരിട്ടിട്ടുളള ഈ ഗുഹ അൽ ജബൽ അൽ അഖ്ദർ മലനിരകളിലെ സഫി സഹ്‌റ ഗ്രാമത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സഫി സഹ്‌റ മേഖലയിലെ നിവാസികളുടെ സഹായത്തോടെയാണ് ഒമാനി കേവ് എക്സ്പ്ലൊറേഷൻ ടീം ഈ ഗുഹ കണ്ടെത്തിയിരിക്കുന്നത്.

ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിന് ഈ ഗുഹയുടെ കണ്ടെത്തൽ സഹായമാകുമെന്നാണ് കരുതുന്നത്. 66 മുതൽ 145 ദശലക്ഷം വർഷം വരെ പഴക്കമുള്ള ക്രെറ്റേഷ്യസ് യുഗത്തിലെ ചുണ്ണാമ്പുകല്ല്‌ അവശിഷ്ടങ്ങളാൽ രൂപപ്പെട്ടിട്ടുള്ള ഈ ഗുഹ അതിന്റെ ഇടുങ്ങിയ ഊടുവഴികളാൽ ശ്രദ്ധേയമാണ്.