സിനോഫാം, സിനോവാക് എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് സൗദി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി ആരോഗ്യ വകുപ്പിന്റെ പുതുക്കിയ പ്രവേശന നിബന്ധനകൾ പ്രകാരമാണ് ഈ തീരുമാനം. ഈ അറിയിപ്പ് പ്രകാരം, സിനോഫാം, സിനോവാക് എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് ഫൈസർ, ആസ്ട്രസെനേക, ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ എന്നീ വാക്സിനുകളിലേതെങ്കിലും ഒന്നിന്റെ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇതിന് പുറമെ, ഇവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്. COVID-19 വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ ഇത്തരം വാക്സിനുകൾ പൂർണ്ണമായും ഫലപ്രദമല്ല എന്ന ആശങ്കയെത്തുടർന്നാണ് ഇവ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്.