യു എ ഇ: പള്ളികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

GCC News

യു എ ഇയിലെ പള്ളികളിൽ പ്രാർത്ഥനകൾക്കായി എത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മുൻകരുതലുകളും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി. ഓഗസ്റ്റ് 3 മുതൽ രാജ്യത്തെ പള്ളികളിലേക്ക് പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പ്രവേശനാനുവാദം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. പ്രാർത്ഥനകൾക്കെത്തുന്നവർ ദേഹശുദ്ധി വരുത്തുന്ന ചടങ്ങുകൾ നിർബന്ധമായും വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണെന്നും, സമൂഹ അകലം, മാസ്കുകൾ മുതലായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

യു എ ഇയിലെ പള്ളികളിൽ എത്തുന്നവർക്കായി ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • പ്രാർത്ഥനകൾക്കെത്തുന്നവർ ദേഹശുദ്ധി വരുത്തുന്ന ചടങ്ങുകൾ നിർബന്ധമായും വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണ്. സോപ്പ്, വെള്ളം, സാനിറ്റൈസർ മുതലായവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.
  • പ്രാർത്ഥനകൾക്കെത്തുന്നവർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
  • പ്രാർത്ഥനകൾക്കായുള്ള പായകൾ ഓരോ വ്യക്തികളും കൊണ്ടുവരേണ്ടതാണ്. പ്രാർത്ഥനകൾക്ക് ശേഷം ഇവ തിരികെ കൊണ്ടുപോകേണ്ടതാണ്.
  • പള്ളികളിലെ വാതിൽ പിടികളിലും, മറ്റിടങ്ങളിലും കൈകൾ കൊണ്ട് സ്പർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
  • 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കണം.
  • പള്ളികളിൽ എത്തുന്നത് പ്രധാന പ്രാർത്ഥനകൾക്ക് മാത്രമായി നിയന്ത്രിക്കാൻ ശ്രമിക്കണം.
  • വിശുദ്ധ ഖുർആൻ പാരായണത്തിനായി ഓരോ വിശ്വാസികളും തങ്ങളുടെ സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കണം.
  • പ്രായമായവരും, കുട്ടികളും വീടുകളിൽ നിന്ന് പ്രാർത്ഥനകൾ നിർവഹിക്കേണ്ടതാണ്.
  • പള്ളികളുടെ പ്രവേശന കവാടങ്ങളിലും മറ്റും ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണം.
  • പള്ളികളിൽ എത്തുന്നവരെല്ലാം കഴിയുന്നതും അൽഹൊസൻ ആപ്പ് ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.