ഫുജൈറയിൽ പുതിയ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

UAE

കൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു. ഫുജൈറയിലെ വഹ്‌ല മേഖലയിലാണ് ഈ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഫുജൈറ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

COVID-19 വ്യാപനം തടയുന്നതിനായി ഈ സ്ക്രീനിംഗ് കേന്ദ്രത്തിൽ നിന്ന് ഫുജൈറയിലുള്ള യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും സൗജന്യമായി പരിശോധനകൾ നടത്താവുന്നതാണ്. ഫുജൈറ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ടീം, ഫുജൈറ പോലീസ് എന്നിവരുമായി ചേർന്നാണ് MoHAP ഈ സ്ക്രീനിംഗ് കേന്ദ്രം നടപ്പിലാക്കുന്നത്.

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയിൽ (SEHA) നിന്നുള്ള ആരോഗ്യ പ്രവർത്തകരാണ് ഈ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഫുജൈറയിൽ ഇത്തരം കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും MoHAP പദ്ധതിയിടുന്നുണ്ട്. ഫുജൈറയിലെ സിജി മേഖലയിൽ ഓഗസ്റ്റ് പകുതി മുതൽ ഇത്തരത്തിൽ ഒരു COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു.