ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളെ വരവേൽക്കുന്നതിനായി വർണ്ണാഭമായ ചുവർചിത്രങ്ങൾ, ഗ്രാഫിറ്റികൾ, ചായം പൂശിയ ചുവരുകൾ എന്നിവയുമായി തലസ്ഥാന നഗരമായ ന്യൂ ഡൽഹി ഒരുങ്ങി. ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിലാണ് പതിനെട്ടാമത് ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്.
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ തുടങ്ങി 19 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി എന്നറിയപ്പെടുന്ന ജി20. ജി20 ഉച്ചകോടിയുടെ ഭാഗമായി യു എസ് പ്രസിഡണ്ട് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുതലായവർ ഡെൽഹിയിലെത്തുന്നതാണ്.
ഒരുക്കങ്ങളുടെ ഭാഗമായി റോഡുകൾ, നടപ്പാതകൾ, ചന്തകൾ, റൗണ്ട് എബൗട്ടുകൾ, ഫ്ലൈ ഓവറുകൾ, മറ്റു പൊതുഇടങ്ങൾ എന്നിവ ചെടിച്ചട്ടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് നഗരത്തിലുടനീളം സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 8 മുതൽ തന്നെ നഗരത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എൻ എസ് ജിയുടെ പ്രത്യേക ഡോഗ് സ്ക്വാഡ്, ബോംബ് നിർവീര്യമാക്കുന്ന യൂണിറ്റുകൾ തുടങ്ങിയവയെ രാജ്ഘട്ടിന്റെ അകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സെപ്റ്റംബർ 8, വെള്ളിയാഴ്ച രാവിലെ അഞ്ച് മണിമുതൽ സെപ്റ്റംബർ 10, ഞായറാഴ്ച രാത്രി 11:59 വരെ ന്യൂ ഡൽഹി ഡിസ്ട്രിക്റ്റിനെ പ്രത്യേക കണ്ട്രോൾ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ കാലയളവിൽ രാജോക്കരി അതിർത്തിയിൽ നിന്ന് നഗരത്തിലേക്കുള്ള ബസുകൾ അനുവദിക്കുന്നതല്ല. ജി20 ഉച്ചകോടിയുടെ വേദി, പങ്കെടുക്കുന്നവർ താമസിക്കുന്ന ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ഞായറാഴ്ച വരെ മരുന്നുകൾ ഒഴികെയുള്ള എല്ലാ ഓൺലൈൻ ഡെലിവറി സേവനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചകോടി കഴിയുന്നത് വരെ മഥുര റോഡ്, ഭൈറോൺ റോഡ്, പുരാണ ക്വില റോഡ്, പ്രഗതി മൈതാൻ തുരങ്കം എന്നിവിടങ്ങളിൽ വിവിധ തരം വാഹനങ്ങൾ ഓടുന്നത് ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്.
WAM