അബുദാബി: മുറൂർ റോഡിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

UAE

വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ COVID-19 പരിശോധന നടത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം അബുദാബിയിലെ മുറൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു. ഈ പരിശോധനാ കേന്ദ്രം, അൽ ജസീറ സ്പോർട്സ് ക്ലബിലെ ക്യാപിറ്റൽ ഹെൽത്ത് സ്ക്രീനിംഗ് സെന്ററിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.

180 ദിർഹമാണ് ഈ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രത്തിൽ പരിശോധനകൾക്ക് ഈടാക്കുന്നത്. ഈ കേന്ദ്രത്തിൽ നിന്ന് സ്വീകരിക്കുന്ന സ്രവം നാഷണൽ റെഫെറൻസ് ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്.

ഈ കേന്ദ്രത്തിൽ നിന്ന് ടൂറിസ്റ്റ് വിസകളിലുള്ളവർ ഉൾപ്പടെയുള്ള പൊതു ജനങ്ങൾക്ക് പരിശോധനകൾ നടത്താവുന്നതാണെന്ന് മുബദല സീനിയർ വൈസ് പ്രസിഡന്റ് ഹസ്സൻ ജാസ്സിം അൽ നോവൈസ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ഇവിടെ പരിശോധനകൾക്ക് നേരിട്ടെത്താമെന്നും, പരിശോധനാ ഫലങ്ങൾ 24 മുതൽ 48 മണിക്കൂറിനകം SMS-ലൂടെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ പ്രവർത്തിക്കുന്ന ഈ പരിശോധനാ കേന്ദ്രത്തിൽ, രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ടെസ്റ്റുകൾ നടത്താവുന്നതാണ്.

WAM