സൗദി: ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പിൽ കൂടുതൽ പെർമിറ്റുകൾ ഉൾപ്പെടുത്തി

GCC News

ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ പുതിയ പെർമിറ്റുകൾ ഉൾപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അണ്ടർസെക്രട്ടറി അബ്ദുൽറഹ്മാൻ ഷംസ് അറിയിച്ചു. ഒക്ടോബർ 13-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉംറ തീർത്ഥാടന പെർമിറ്റിനൊപ്പം, ഗ്രാൻഡ് മോസ്‌ക്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും, പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും ഇപ്പോൾ അധികമായി ഈ ആപ്പിലൂടെ നേടാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ഉംറ തീർത്ഥാടന പെർമിറ്റ് മാത്രമാണ് ഈ ആപ്പിലൂടെ നൽകിയിരുന്നത്. വരും ഘട്ടങ്ങളിൽ ഇതിൽ കൂടുതൽ പെർമിറ്റുകൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആപ്പ് iOS, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. പെർമിറ്റുകൾക്ക് പുറമെ, തീർത്ഥാടകർക്ക് അനുവദനീയമായ സമയക്രമങ്ങളും മറ്റും ഈ ആപ്പിലൂടെയാണ് നിയന്ത്രിക്കുന്നത്. തീർത്ഥാടന സംബന്ധിയായ യാത്രാക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും, യാത്രാ സംവിധാനങ്ങളുൾപ്പടെയുള്ള മറ്റു സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ സ്മാർട്ട്ഫോൺ ആപ്പ് തീർത്ഥാടകർക്ക് ഉപയോഗിക്കാവുന്നതാണ്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവരോട് ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി ആരോഗ്യ മന്ത്രാലയം (MoH) കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു.