ദുബായ് സഫാരി പാർക്കിന്റെ 2022-2023 സീസൺ 2022 സെപ്റ്റംബർ 27, ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 25-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്ക് പുതിയ സീസൺ ആരംഭിക്കുന്നത്. പുതിയ സീസണിൽ കൂടുതൽ മൃഗങ്ങളെ പാർക്കിൽ ഉൾപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ സീസണിൽ ദിനവും രാവിലെ 9 മണിമുതൽ 5 മണിവരെയാണ് സന്ദർശകർക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ദുബായിലെ ടൂറിസം മേഖലയിൽ പ്രകടമാകുന്ന വലിയ ഉണർവ് ഈ സീസണിൽ ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ പ്രതിഫലിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെ, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണുന്നതിനായി ദുബായ് സഫാരി പാർക്ക് അവസരമൊരുക്കുന്നു.
ഓരോ സീസണിലും, സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്ന രീതിയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബറിൽ പാർക്കിലെ സഫാരി ട്രിപ്പിലേക്ക് കൂടുതൽ പുതിയ മൃഗങ്ങളെ ഉൾപ്പെടുത്തുന്നതാണ്.
119 ഹെക്ടറിൽ മനോഹരമാക്കി നിർത്തിയിട്ടുള്ള ദുബായ് സഫാരി പാർക്ക്, അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. സസ്തനികൾ, പക്ഷികൾ, ഉഭയജീവകള് തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേരാണ് ദുബായ് സഫാരി പാർക്ക് സന്ദർശിച്ചത്. 2022 ജൂൺ മാസത്തിലാണ് വേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടച്ചത്.
2017 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ദുബായ് സഫാരി പാർക്ക്, പിന്നീട് അതിവിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കായി 2018-ൽ രണ്ട് വർഷത്തേക്ക് അടച്ചിരുന്നു.
സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്കും ശേഷം 2020 ഒക്ടോബർ 5 മുതൽ ദുബായ് സഫാരി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഓരോ വർഷവും വേനൽക്കാലത്ത് സഫാരി പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.