സൗദി അറേബ്യ: ഉംറ സീസൺ ആരംഭിച്ചു; വിദേശത്ത് നിന്നുള്ള ആദ്യ ബാച്ച് തീർത്ഥാടകരെത്തി

GCC News

ഈ വർഷത്തെ പുതിയ ഉംറ തീർത്ഥാടന സീസൺ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 30, ശനിയാഴ്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള ആദ്യ ബാച്ച് തീർത്ഥാടകർ സൗദിയിലെത്തിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2022 ജൂലൈ 30-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആദ്യ ബാച്ച് ഉംറ തീർത്ഥാടകർ ഇറാഖിൽ നിന്നാണ് സൗദിയിലെത്തിയിരിക്കുന്നത്. മദീനയിലെത്തിയ ഇവരെ അധികൃതർ സ്വീകരിച്ചു.

ഉംറ തീർത്ഥാടകർക്ക് മൂന്ന് മാസത്തെ സാധുതയുള്ള വിസകളാണ് അനുവദിക്കുന്നത്. ഇത്തരം വിസകളിലെത്തുന്നവർക്ക് സൗദി അറേബ്യയിലെ എല്ലാ മേഖലകളിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

പുതിയ ഉംറ സീസൺ 2022 ജൂലൈ 30 മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 ജൂലൈ 13-ന് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തുന്നവർക്ക് ഉംറ വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ https://www.haj.gov.sa/ar/InternalPages/Umrah എന്ന വിലാസത്തിൽ ലഭ്യമാണ്. ആഭ്യന്തര തീർത്ഥാടകർക്ക് Eatmarna ആപ്പിലൂടെ ഉംറ പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്.