ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ രാജ്യത്തെ COVID-19 രോഗവ്യാപനം കുറയാൻ സഹായിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി വ്യക്തമാക്കി. ജനങ്ങൾ ഒത്ത് ചേരുന്നതും, സമ്പർക്കവും നിയന്ത്രിക്കാനായത് ഒമാനിലെ രോഗവ്യാപനത്തിന്റെ തോത് കുറയാൻ ഇടയാക്കിയതായി അദ്ദേഹം അറിയിച്ചു.
“ഭാഗികമായതോ, മുഴുവൻ സമയം ഉള്ളവയോ ആയ യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തുമ്പോൾ, എന്തു കൊണ്ടാണ് രാജ്യത്തെ രോഗബാധയുടെ തോത് കുറയുന്നതെന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ടാകും. അതിനുള്ള ഉത്തരം വളരെ ലളിതമാണ്. യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ നിയമവിരുദ്ധമായ സാമൂഹിക ഒത്തുചേരലുകൾ തടയുന്നത് അധികൃതർക്ക് എളുപ്പമാണ്.”, നിയമം ലംഘിച്ച് കൊണ്ടുള്ള ഒത്തുചേരലുകൾ ഒഴിവാകുന്നതോടെ രോഗ വ്യാപനം കുറയുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഇത് തെളിയിക്കുന്നു. സുപ്രീം കമ്മിറ്റി കൈക്കൊള്ളുന്ന ഓരോ തീരുമാനങ്ങളും വ്യക്തതയോട് കൂടിയവയും, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം എടുക്കുന്നവയുമാണെന്നതിന് ഇത് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ലംഘിക്കുന്ന പ്രവണത ഇപ്പോഴും ഏതാനം ആളുകൾ തുടരുന്നുണ്ടെന്നും അദ്ദേഹം ആശങ്കയോടെ കൂട്ടിച്ചേർത്തു.