ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പുനരാരംഭിച്ചു

GCC News

ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 14, ബുധനാഴ്ച്ച രാത്രി 9 മണി മുതൽ പുനരാരംഭിച്ചു. റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാന പ്രകാരമാണിത്.

ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് സുപ്രീം കമ്മിറ്റി റമദാനിൽ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. റമദാൻ മാസത്തിൽ ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി യാത്രാ നിയന്ത്രണങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവയ്ക്ക് പുറമെ എല്ലാത്തരത്തിലുള്ള സാമൂഹിക സംഗമങ്ങളും നിരോധിച്ചിട്ടുണ്ട്. രാത്രികാല യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് താഴെ പറയുന്ന ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്:

  • ഓയിൽ ഫീൽഡ്, ഇലെക്ട്രിസിറ്റി, ജലവിതരണം തുടങ്ങിയ അടിയന്തിര മേഖലകളിലെ ജീവനക്കാർ.
  • മൂന്ന് ടൺ ഭാരമുള്ള ട്രക്കുകൾ.
  • ഫാക്ടറികളിലും മറ്റുമുള്ള കയറ്റിറക്ക് തൊഴിലാളികൾ.
  • മലിനജലം നീക്കം ചെയ്യുന്ന വാഹനങ്ങൾ.
  • അനുമതിയുള്ള പെട്രോൾ പമ്പുകൾ.
  • അനുമതിയുള്ള ഫാർമസികൾ.
  • ആരോഗ്യ മേഖലയിലും, മീഡിയയിലും തൊഴിലെടുക്കുന്നവർ. ഇവർക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണ്.