വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകളിലും, ക്വാറന്റീൻ നടപടികളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
ഒമാനിലേക്ക് പ്രവേശിക്കുന്ന പൗരന്മാരും, വിദേശികളും ഉൾപ്പടെ മുഴുവൻ യാത്രികർക്കും PCR പരിശോധനകൾ നിർബന്ധമാണെന്നും, രാജ്യത്തേക്ക് പ്രവേശിച്ച ശേഷം ക്വാറന്റീൻ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള യാത്രികർ ഉൾപ്പടെ വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഈ നിബന്ധനകൾ ബാധകമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
യാത്രാ നിബന്ധനകളിൽ ഒമാൻ സുപ്രീം കമ്മിറ്റി മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒമാൻ പൗരന്മാർക്ക് ഹോം ക്വാറന്റീനും, വിദേശികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനും നിർബന്ധമാണെന്ന് അധികൃതർ വ്യക്തത നൽകിയിട്ടുണ്ട്.