സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു. ജൂലൈ 18-ന് മക്കയിൽ നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് COVID-19 വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയതായി പത്ര സമ്മേളനത്തിൽ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ വ്യക്തമാക്കി. കർശനമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിബന്ധനകൾ, പ്രതിരോധ നടപടികൾ എന്നിവ തീർത്തും സുരക്ഷിതമായ ഒരു ഹജ്ജ് തീർത്ഥാടനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 60000 പ്രാദേശിക തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ജൂലൈ 17 മുതൽ ഹജ്ജ് തീർത്ഥാടകർ വിവിധ സംഘങ്ങളായി സുരക്ഷിതരായി മക്കയിലെത്തിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഇവർ മിനയിലെത്തി വിശ്രമിക്കുകയുണ്ടായി. ജൂലൈ 19-ന് രാവിലെ തീർത്ഥാടകർ അറഫയിലേക്ക് യാത്ര തിരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തീർത്ഥാടനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയുടെ ആദ്യ ഘട്ടം തീർത്ഥാടകർ മക്കയിലെത്തുന്നതിന് മുൻപ് ഉറപ്പ് വരുത്തിയതായി ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ തീർത്ഥാടകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ഈ ആദ്യ ഘട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സുരക്ഷയുടെ രണ്ടാം ഘട്ടത്തിൽ മുഴുവൻ തീർത്ഥാടകർക്കിടയിലും COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് പൂർണ്ണമായ അവബോധം സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് അവബോധം നൽകുന്നതിനായി വിവിധ ഭാഷകളിൽ ബോധവത്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ അവരോടൊപ്പം അനുഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥാനങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിവിധ സുരക്ഷാ വകുപ്പുകളും, സർക്കാർ വകുപ്പുകളും സംയുക്തമായി കൈക്കൊണ്ടിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണൽ തലാൽ അൽ ഷൽഹൊയൂബ്‌ അറിയിച്ചു. അനധികൃതമായി ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്നവരെ തടയുന്നതിനായുള്ള മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ജൂലൈ 5 മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.