ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികൾ തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കർശനമായ പ്രതിരോധ നടപടികളും, മാനദണ്ഡങ്ങളും തീർത്ഥാടനത്തിൽ പങ്കെടുത്തവരുടെ സുരക്ഷ ഉറപ്പാ വരുത്തിയതായി ഹജ്ജ് അധികൃതർ, സുരക്ഷാ വിഭാഗങ്ങൾ മുതലായവർ വ്യക്തമാക്കി.
ജൂലൈ 22-ന് ഗ്രാൻഡ് മോസ്കിൽ വെച്ച് നടന്ന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള അനുഷ്ഠാനങ്ങൾക്ക് ശേഷം ഭൂരിഭാഗം തീർത്ഥാടകരും മക്കയിൽ നിന്ന് മടങ്ങിയതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരിൽ ഒരാൾക്ക് പോലും COVID-19 രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ആരിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ വർഷത്തെ തീർത്ഥാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രവർത്തന മാനദണ്ഡങ്ങൾ പൂർണമായും വിജയം കണ്ടതായി സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു. COVID-19 രോഗബാധയോ, മറ്റു പകർച്ചവ്യാധികളോ തീർത്ഥാടനത്തിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ തീർത്ഥാടനം 60000 തീർത്ഥാടകർക്കായി പരിമിതപ്പെടുത്താനുള്ള തീരുമാനം ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഏറെ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 150 രാജ്യങ്ങളിൽ നിന്നുള്ള 25000-ത്തിൽ പരം പ്രവാസി തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിൽ ആകെ 58518 തീർത്ഥാടകർ പങ്കെടുത്തതായും മന്ത്രാലയം അറിയിച്ചു.
Cover Photo: WAM