രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി. ജൂലൈ 22, ബുധനാഴ്ച്ച ട്വിറ്ററിലൂടെയാണ് GACA ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകിയത്.
സൗദിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അനുബന്ധ വകുപ്പുകൾ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും GACA കൂട്ടിച്ചേർത്തു. സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് കൊണ്ടാണ് GACA ഈ വിഷയത്തിൽ വ്യക്തത നൽകിയത്.
“നിലവിൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതികളൊന്നും നിശ്ചയിച്ചിട്ടില്ല. ഈ വിഷയത്തിൽ ചുമതലയുള്ള വകുപ്പുകൾ, രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതാണ്. ഇത്തരം വിഷയങ്ങളിൽ ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക സ്രോതസുകളെ മാത്രം ഉപയോഗിക്കുക.”, GACA ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കി. COVID-19 പശ്ചാത്തലത്തിൽ, മാർച്ച് പകുതി മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ജൂൺ മാസം മുതൽ സൗദിയിലെ ആഭ്യന്തര വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു.