സൗദി: വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ അധികൃതർ നിഷേധിച്ചു

Saudi Arabia

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണൽ തലാൽ ബിൻ അബ്ദുൽ മൊഹ്‌സീൻ അൽ ഷൽഹൊയൂബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുവരെ COVID-19 വാക്സിനെടുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ COVID-19 പ്രതിരോധ നിർദ്ദേശങ്ങളും പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി കൈക്കൊണ്ടവയാണെന്നും, ഇത്തരം പ്രതിരോധ നിബന്ധനകൾ ജനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി ഏർപ്പെടുത്തിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കാണ് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ മുതലായവയിലേക്ക് പ്രവേശിക്കാനാകുക എന്ന് അദ്ദേഹം അറിയിച്ചു.