ദുബായിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി, ടൂറിസ്റ്റ് വിസകളിലുള്ള യാത്രികർക്ക് GDRFA, ICA മുൻകൂർ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. https://www.emirates.com/in/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലാണ് (2022 ഫെബ്രുവരി 26, 13:58-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എമിറേറ്റ്സ് വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിബന്ധനകൾ താഴെ പറയുന്നു:
- 2022 ഫെബ്രുവരി 26 മുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർ ഇത് തെളിയിക്കുന്നതിനായി തങ്ങളുടെ കൈവശം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
- വാക്സിനെടുക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- COVID-19 രോഗമുക്തി നേടിയവർക്ക് (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർക്ക് ബാധകം) ഇത് തെളിയിക്കുന്ന രേഖകൾ (QR കോഡ് നിർബന്ധം) ഹാജരാക്കേണ്ടതാണ്.
- അധികൃതർ ആവശ്യപ്പെടുന്ന പക്ഷം, ദുബായിലെത്തുന്ന യാത്രികർ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ സ്വയം ക്വാറന്റീനിൽ തുടരേണ്ടതാണ്.
- ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിക്കുന്നവർക്ക് PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല (ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് PCR ആവശ്യമെങ്കിൽ അത് കരുതേണ്ടതാണ്).
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് GDRFA, ICA മുൻകൂർ അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രെസും അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 26-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട്, COVID-19 രോഗമുക്തി നേടിയതായി (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർക്ക് ബാധകം) തെളിയിക്കുന്ന രേഖകൾ (QR കോഡ് നിർബന്ധം) എന്നിവയിലേതെങ്കിലും ഒരു രേഖ ഉപയോഗിച്ച് കൊണ്ട് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രെസ് അറിയിച്ചിട്ടുണ്ട്.