സൗദി അറേബ്യ: രാജ്യത്ത് കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി. 2022 മെയ് 21, ശനിയാഴ്ച രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്ത് കുരങ്ങ് പനി ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇത് നേരിടുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ ടെസ്റ്റുകൾ, ലാബ് ടെസ്റ്റുകൾ എന്നിവ സൗദി അറേബ്യയിൽ ലഭ്യമാണെന്നും, രോഗബാധ നിയന്ത്രിക്കുന്നതിനും, ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന അറിയിപ്പുകൾ പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യക്തികൾ ആവശ്യമായ സുരക്ഷാ, മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യാപകമായ രീതിയിൽ പടരുന്നതിനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്ന് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല അസിരി ചൂണ്ടിക്കാട്ടി.