ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ ദിനങ്ങളിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് ROP

Oman

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് ഗവർണറേറ്റുകൾക്കിടയിൽ യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദിനങ്ങളിൽ ഗവർണറേറ്റുകൾക്കിടയിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.

പോലീസ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് ജൂലൈ 6-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 16 മുതൽ രാജ്യത്ത് പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും, ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും അൽ ഹർത്തി നേരത്തെ അറിയിച്ചിരുന്നു.

ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്.

ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.

ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്നും, ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനല്ലെന്നും അൽ ഹർത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഒമാനിൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജൂലൈ 20, 21, 22 (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) എന്നീ മൂന്ന് ദിവസങ്ങളിലായിരിക്കും സമ്പൂർണ്ണ ലോക്ക്ഡൌൺ.