കോവിഡ്-19: സംസ്ഥാനത്ത് പുതിയ കേസുകളില്ല

Kerala News

സംസ്ഥാനത്ത് കോവിഡ്-19 രോഗം പുതുതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 18,011 പേരാണ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,353 പേരെ രോഗമില്ലെന്ന് കണ്ട് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 2,467 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,807 ഫലം നെഗറ്റീവാണ്.

ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട്. പരിശോധനയ്ക്കായി കൂടുതൽ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിക്കും. രോഗം ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ നേരിയ ജാഗ്രതക്കുറവ് പോലും ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണം.

രോഗപ്രതിരോധത്തിന്റെ പേരിൽ ആരും നിയമം കൈയിലെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളോട് മോശം സമീപനമുണ്ടാകരുത്. അത്തരം സമീപനം നാടിനെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കും. അതിനപ്പുറം, മനുഷ്യത്വം ഹനിക്കപ്പെടുന്ന ഒരനുഭവവും അനുവദിക്കാനാവില്ല.

പലയിടത്തും വിദേശികൾ താമസവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ പോലീസ് ഇടപെട്ട് സഹായം നൽകേണ്ടിവരികയും ചെയ്തതിനാലാണ് ഇത് ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. കൂടാതെ ജില്ലാതലത്തിൽ ടൂറിസം രംഗത്തുള്ളവർ ഇതിനായി കൂട്ടായ്മയുണ്ടാക്കിയതും സ്വാഗതാർഹമാണ്.

ഐ.ടി മേഖലയിൽ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. ഇതിന് പ്രശ്നമുണ്ടാകാതിരിക്കാൻ വൈദ്യുതിതടസ്സം വരാതിരിക്കാൻ നടപടി സ്വീകരിക്കും.

പാൽ, പത്രവിതരണം തുടങ്ങിയവ നടത്തുന്നവരും, ബ്യൂട്ടിപാർലർ, ബാർബർഷോപ്പ് തുടങ്ങിയയിടങ്ങളിലും ജാഗ്രത പുലർത്തണം. വിമാനത്താവളങ്ങളിൽ എല്ലാവരെയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.