ഒമാൻ: ഒമിക്രോൺ വകഭേദം ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

GCC News

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നവംബർ 29-ന് രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

COVID-19 ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, ജനിതകമാറ്റം വന്ന ഈ വൈറസിന്റെ സാന്നിധ്യം ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ച് വരുന്നതായും, ഈ വകഭേദത്തെ കണ്ടെത്തുന്നതിന് ഒമാനിലെ പകർച്ചവ്യാധി പര്യവേക്ഷണ സംവിധാനങ്ങൾ പ്രാപ്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.