സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻകൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. ഓമനിലേക്കും തിരികെയും സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കായി CAA സെപ്റ്റംബർ 24-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
“ഒമാൻ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗക്കാർക്ക് പ്രത്യേക മുൻകൂർ അനുവാദം കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാവുന്നതാണ്”, CAA അറിയിപ്പിൽ പറയുന്നു. നിലവിൽ രാജ്യത്തിനു പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകാനുള്ള സുപ്രീം കമ്മിറ്റിയുടെ സെപ്റ്റംബർ 22-ലെ തീരുമാനത്തെത്തുടർന്നാണ് CAA ഇത്തരത്തിൽ ഒരു അറിയിപ്പ് പുറത്തിറക്കിയത്. ഈ അറിയിപ്പിലെ നിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
യാത്രികരുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ നിർദ്ദേശങ്ങൾ:
- ഒമാൻ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗക്കാർക്ക് മാത്രമാണ് നിലവിൽ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ഇവർക്ക് പ്രത്യേക മുൻകൂർ അനുവാദം കൂടാതെ യാത്ര ചെയ്യാവുന്നതാണ്.
- ഒമാൻ പൗരന്മാർ ഒഴികെയുള്ള യാത്രികർക്ക് ഏറ്റവും ചുരുങ്ങിയത് ഒരു മാസത്തെ സാധുതയുള്ള, COVID-19 ചികിത്സാ പരിരക്ഷ നൽകുന്ന അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- യാത്രികർ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഫോണുകളിൽ ‘Tarssud+’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഓമനിലെത്തിയ ശേഷം ഈ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
- മുഴുവൻ യാത്രികർക്കും PCR ടെസ്റ്റിംഗ് നിർബന്ധമാണ്. വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന ഈ ടെസ്റ്റിനായി യാത്രികർ 25 റിയാൽ നൽകേണ്ടതാണ്.
- യാത്രികർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പനുസരിച്ച് ഒക്ടോബർ 1 മുതൽ ജി സി സി രാജ്യങ്ങൾ, ഈജിപ്ത്, സുഡാൻ, പാക്കിസ്ഥാൻ, തുർക്കി, ഇന്ത്യ, ബംഗ്ളാദേശ്, തായ്‌ലൻഡ്, മലേഷ്യ, യു കെ, ജർമ്മനി, ഫ്രാൻസ്, നെതർലാൻഡ്, ഫിലിപ്പീൻസ്, ടാൻസാനിയ, എത്യോപ്യ എന്നിവിടങ്ങളിലേക്ക് ഒമാൻ വിമാന കമ്പനികളും, അതാത് രാജ്യങ്ങളിലെ വിമാന കമ്പനികളും വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതാണ്. സേവനങ്ങൾ പുനരാരംഭിക്കുന്ന പ്രാരംഭഘട്ടത്തിൽ ആഴ്ചയിൽ 2 സർവീസുകൾ വീതമാണ് ഓരോ ലക്ഷ്യസ്ഥാനങ്ങളിലേക്കും അനുവദിക്കുന്നത്.