റെസിഡൻസി പെർമിറ്റുകൾ നേടുന്നതിലും, പുതുക്കുന്നതിലും വരുത്തുന്ന കാലതാമസം മൂലം വർക്ക് പെർമിറ്റ് ഫീ, പ്രവാസികളുടെ റെസിഡൻസി ഫീ, ആശ്രിതവിസകളുമായി ബന്ധപ്പെട്ട ഫീ തുടങ്ങിയവയിൽ ഉണ്ടാകുന്ന കുടിശ്ശികകൾക്ക് തവണവ്യവസ്ഥ ബാധകമല്ലെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട ചെയ്തത്.
പ്രവാസികളുടെ ഇഖാമ പുതുക്കുന്ന അവസരത്തിൽ (3, 6, 9 മാസങ്ങളിലേക്കോ, മറ്റു കാലയളവുകളിലേക്കോ പുതുക്കുന്ന അവസരത്തിൽ ബാധകം) ഇത്തരം കുടിശ്ശിക തുകകൾ ഒറ്റതവണയായി അടച്ച് തീർക്കേണ്ടതാണെന്നും, ഇവയിൽ തവണവ്യവസ്ഥ അനുവദിക്കുന്നില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുടിശ്ശികകളില്ലാത്ത സാഹചര്യത്തിൽ വർക്ക് പെർമിറ്റ് ഫീ, മറ്റു അനുബന്ധ തുകകൾ എന്നിവ മൂന്ന് മാസം തോറും തവണകളായി അടയ്ക്കുന്നതിന് അനുവദിക്കുന്നതാണ്.