സൗദി: മുൻ‌കൂർ അനുമതി കൂടാതെ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തി

GCC News

രാജ്യത്ത് പ്രത്യേക അനുമതികൾ കൂടാതെ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്ന സേവനങ്ങളിലേർപ്പെട്ടിരിക്കുന്ന ലൈസൻസ് ഇല്ലാത്ത വിദേശികൾക്കും ഈ നിയന്ത്രണം ബാധകമാണ്.

ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, മുൻ‌കൂർ ലൈസൻസ് കൂടാതെ വിദേശികൾ സമൂഹ മാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പരസ്യങ്ങൾ നൽകുന്നത് സൗദി തൊഴിൽ നിയമങ്ങളുടെയും, പ്രവാസികാര്യ നിയമങ്ങളുടെയും ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരസ്യങ്ങൾ സംബന്ധിച്ച ലംഘനങ്ങൾ തടയുന്നതിനുള്ള സൗദി അറേബ്യയിലെ ഓഡിയോവിഷ്വൽ മീഡിയ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികൾ, സന്ദർശകർ തുടങ്ങിയ വിഭാഗം വിദേശികൾക്ക് മുൻ‌കൂർ ലൈസൻസ് കൂടാതെ സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകാനാകില്ലെന്ന് ഇത്തരത്തിലെ ഏതാനം നിയമലംഘനങ്ങൾ പരിശോധിച്ച ശേഷം കമ്മീഷൻ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഇത്തരം പരസ്യങ്ങൾ നൽകുന്നതിന് കൊമേർഷ്യൽ രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയുള്ളവരോ, നിയമപരമായി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവരോ, അല്ലെങ്കിൽ വിദേശ നിക്ഷേപ ലൈസൻസ് ഉള്ളവരോ ആയ വിദേശ പൗരന്മാരായിരിക്കേണ്ടതാണ്. ഇത്തരത്തിൽ ലൈസൻസ് ഉള്ളവരായ വിദേശികൾക്ക് മാത്രമേ പരസ്യങ്ങൾ നൽകാവൂ എന്ന് വാണിജ്യ സ്ഥാപനങ്ങളോട് സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിയമം മറികടന്ന് കൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും, 5 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.