ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായുള്ള നോർക്കയുടെ ഓൺലൈൻ വിവരശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നമ്മുടെ നാട് സർവ സുരക്ഷയും ഒരുക്കങ്ങളും നടത്തി കേന്ദ്ര അനുവാദത്തിനായി കാത്തിരിക്കുകയാണ്.
https://www.registernorkaroots.org/ എന്ന വിലാസത്തിലൂടെയാണ് നോർക്ക നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം നടത്തുന്നത്. നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ https://norkaroots.org/ എന്ന വിലാസത്തിലൂടെയാണ് രജിസ്ട്രേഷൻ നടപടിയെന്നാണ് ആദ്യം അധികൃതർ അറിയിച്ചിരുന്നത്. ഇപ്പോൾ ഈ വിവര ശേഖരണത്തിനായി registernorkaroots.org എന്ന പ്രത്യേക വെബ്സൈറ്റ് നോർക്ക ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ക്വാറന്റയിൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിന് വേണ്ടിയാണ് കേരളം നോർക്ക മുഖേനെ രജിസ്ട്രേഷൻ നടത്തുന്നത്. ഈ രജിസ്ട്രേഷൻ വിമാന ടിക്കറ്റ് ബുക്കിംഗിനോ, ബുക്കിംഗ് മുൻഗണനയ്ക്കോ, മറ്റു ഇളവിനോ അല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ, വിസ നഷ്ടപെട്ടവർ എന്നിങ്ങനെയുള്ളവർക്ക് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപെട്ടിട്ടുണ്ട് .
കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.