നോർക്ക രജിസ്‌ട്രേഷൻ 5 ലക്ഷം കവിഞ്ഞു

Notifications

കോവിഡ്  ലോക്ഡൗണിനെ  തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്‌സൈറ്റിൽ   രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു  ലക്ഷം  കവിഞ്ഞു. 203 രാജ്യങ്ങളിൽ നിന്ന്  3,79,672 വിദേശ മലയാളികളും  ഇതരസംസ്ഥാനങ്ങളിൽ   നിന്ന് 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്.

മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ  മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15,279 പേർ രജിസ്റ്റർ ചെയ്തു.  മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ.

മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.