2021 ഒക്ടോബർ 2 മുതൽ 7 വരെയുള്ള തീയതികളിൽ ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തിൽ നൽകുന്നത്.
ഇബ്രയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്റർ, അൽ മുദബ്ബി സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ് ഹാൾ എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്കാണ് ഇത്തരത്തിൽ രണ്ടാം ഡോസ് നൽകുന്നത്. ഇവർക്ക് 2021 ഒക്ടോബർ 2 മുതൽ 7 വരെയുള്ള തീയതികളിൽ ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി രണ്ടാം ഡോസ് എടുക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ദിനവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാക്സിൻ നൽകുന്നത്.
വാക്സിൻ ലഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച അറിയിപ്പ് ‘Tarassud+’ ആപ്പിലൂടെയോ, SMS മുഖേനയോ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തീയതി സംബന്ധിച്ച അറിയിപ്പ്, ആദ്യ ഡോസ് എടുത്തതിന്റെ രേഖകൾ, റെസിഡന്റ് കാർഡ് എന്നിവ കൈവശം കരുതേണ്ടതാണ്.
ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു.