ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. സ്ഥാപനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വദേശിവത്കരണ പദ്ധതികൾ സംബന്ധിച്ച രേഖകളും, സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുടെ വിവരങ്ങളും തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ നൽകാൻ നിർദ്ദേശിച്ച് കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
“രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും, തങ്ങൾ നടപ്പിലാക്കേണ്ടതായ സ്വദേശിവത്കരണ നടപടികളുടെ രൂപരേഖകളും, സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നൽകേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സംബന്ധിച്ച മറ്റു പരസ്യങ്ങൾ നൽകാൻ പാടുള്ളതല്ല. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്.”, മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ നൽകുന്ന തൊഴിലവസരങ്ങളുടെ പരസ്യങ്ങൾ തൊഴിലന്വേഷകരോട് പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.