സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചു. നഴ്‌സറികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള സുരക്ഷാ നിർദ്ദേശങ്ങളും NCEMA നൽകിയിട്ടുണ്ട്.
NCEMA നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനനുസരിച്ചായിരിക്കും നഴ്‌സറികൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. നഴ്‌സറികളിലെ ജീവനക്കാർ, കുട്ടികൾ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള രാജ്യവ്യപകമായ മാനദണ്ഡങ്ങളാണ് NCEMA നൽകിയിട്ടുള്ളത്.
- എല്ലാവരുടെയും ശരീരോഷമാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
- ജീവനക്കാർ, രക്ഷിതാക്കൾ എന്നിവർ നഴ്‌സറികളിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
- എല്ലാ ജീവനക്കാർക്കും 2 ആഴ്ച കാലയളവിൽ COVID-19 ടെസ്റ്റിംഗ് നിർബന്ധമാണ്.
- ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതികൾ നിരന്തരമായി നിരീക്ഷിക്കുന്നതാണ്.
- ശുചീകരണ നടപടികളും, അണുനശീകരണ പ്രവർത്തനങ്ങളും കൃത്യമായി നടപ്പിലാക്കണം.
- 1.5 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- പ്രായമനുസരിച്ച് കുട്ടികളെ വിഭാഗങ്ങളാക്കി തിരിക്കുന്നതാണ്.
- ഇത്തരം വിഭാഗങ്ങൾക്കിടയിൽ കളിപ്പാട്ടങ്ങളും മറ്റും പങ്ക് വെക്കാൻ അനുവാദമില്ല. കളിപ്പാട്ടങ്ങൾ അണുവിമുക്തമാക്കേണ്ടതാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഓരോ നഴ്‌സറികളുടെയും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പരിശോധിച്ച് ഉറപ്പാക്കുന്നതാണ്. ഇത്തരം കേന്ദ്രങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അധികൃതർ പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നതാണ്.