ഒമാൻ: ലോക്ക്ഡൌണിനു മുന്നോടിയായി അവശ്യ വസ്തുക്കൾ സംഭരിക്കാൻ വ്യാപാരശാലകൾക്ക് OCCI നിർദ്ദേശം നൽകി

Oman

ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ഒമാനിൽ നടപ്പിലാക്കുന്ന ലോക്ക്ഡൌണിനു മുന്നോടിയായി ഭക്ഷണം, മരുന്ന് മുതലായ അവശ്യ വസ്തുക്കൾ സംഭരിക്കാൻ വ്യാപാരശാലകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) നിർദ്ദേശം നൽകി. ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജൂലൈ 22 ബുധനാഴ്ച്ചയാണ് OCCI ഇത് സംബന്ധമായ നിർദ്ദേശം രാജ്യത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് നൽകിയത്. “ഭക്ഷണം, മരുന്ന്, മറ്റ് ആവശ്യവസ്തുക്കൾ എന്നിവ വിപണനം ചെയ്യുന്ന സ്ഥാപനങ്ങൾ, ആവശ്യമായ അളവിൽ ഇത്തരം സാധനങ്ങൾ തങ്ങളുടെ വ്യാപാരശാലകളിലും, ഗോഡൗണുകളിലും സംഭരിക്കാൻ ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ആഹ്വനം ചെയ്യുന്നു.”, OCCI ട്വിറ്ററിലൂടെ അറിയിച്ചു.

കൊറോണാ വൈറസ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ഒമാനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ഈ കാലയളവിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെ യാത്രകളും, വാണിജ്യ പ്രവർത്തനങ്ങളും പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ വിഭാഗങ്ങളെ ചുമതലപ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ജൂലൈ 21, ചൊവ്വാഴ്ച്ച ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചത്.

ഒമാനിലെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജൂലൈ 23-ലെ സുപ്രീം കമ്മിറ്റി യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.