രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഇന്ന് (2023 മാർച്ച് 13, തിങ്കളാഴ്ച) തുറന്ന് കൊടുക്കും. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖാണ് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്.
അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഒമാന്റെ ചരിത്രം, സംസ്കാരം, സാമ്പത്തിക വളർച്ച എന്നിവ വിവിധ കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി അടയാളപ്പെടുത്തുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ചകൾ നൽകുന്ന ഒരു ജാലകം കൂടിയാണ്.
മേഖലയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂറിന്റെ ദർശനങ്ങളുടെ ഭാഗമായാണ് ഈ മ്യൂസിയം പദ്ധതി രൂപീകരിച്ചത്. 2015-ൽ അദ്ദേഹമാണ് ഈ മ്യൂസിയത്തിന്റെ തറക്കല്ലിട്ടത്.
ഹജാർ മലനിരകളുടെയും, അതിന്റെ താഴ്വരകളുടെയും ക്ഷേത്രഗണിതപരമായ രൂപരേഖയെ അടിസ്ഥാനമാക്കിയാണ് ഏതാണ്ട് നാല്പതിനായിരം സ്ക്വയർ മീറ്ററിലധികം വലിപ്പമുള്ള ഈ മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപന ഒരുക്കിയിരിക്കുന്നത്. ഈ മ്യൂസിയത്തിൽ ഏതാണ്ട് 9000 സ്ക്വയർമീറ്റർ എക്സിബിഷൻ ഗാലറികൾക്കും, ലൈബ്രറി, ഓഡിറ്റോറിയം, കുട്ടികൾക്കുള്ള ക്ലാസ്റൂം എന്നിവയ്ക്കുമായി ഉപയോഗിച്ചിരിക്കുന്നു.
Cover Image: Oman News Agency.